Headlines

മദ്യപിക്കരുത് എന്നതാണ് പാർട്ടി നിലപാടെന്നു  എംവി ഗോവിന്ദൻ



കൊല്ലം: മദ്യപിക്കരുത് എന്നതാണ് പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും. തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

‘മദ്യപിക്കില്ല, സിഗരറ്റ് വലിക്കാൻ പാടില്ല തുടങ്ങിയ ദാർശനിക ധാരണയിൽ നിന്നു വന്നവരാണ് ‍ഞങ്ങളെല്ലാം. ബാല സംഘത്തിലൂടെയും വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങൾ ഒഴിവാക്കുമെന്നാണ്.’

‘നവോത്ഥാന, ദേശീയ പ്രസ്ഥാനങ്ങളുടെയും അതിനു തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും മൂല്യങ്ങൾ ചേർത്താണ് ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. അഭിമാനത്തോടെയാണ് ലോകത്തോടു ഞാനിതു പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിനു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുള്ള നാടാണ് കേരളം. അപ്പോൾ മദ്യപാനത്തെ ശക്തിയായി എതിർക്കുക. സംഘടനാപരമായ പ്രശ്നമാക്കി നടപടിയെടുത്തു പുറത്താക്കുക. അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും.’



‘ലഹരി ഉപയോഗിത്തെ ശക്തിയായി എതിർക്കണം. എതിർത്തു പരാജയപ്പെടുത്താനുള്ള ബോധം രൂപപ്പെടുത്തണം. അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടൽ പാർട്ടിയുടേയും വർഗ ബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ ഉണ്ടാകണം. ആ ജനകീയ മുന്നേറ്റത്തിൽ കക്ഷി രാഷ്ട്രീയത്തിനു അതീതമായി എല്ലാവരും അണി ചേരണം.’

‘മയക്കു മരുന്നിന്റെ വലിയ രീതിയിലുള്ള വിപണനവും ഉപഭോഗവും ലോകത്താകെ നടക്കുന്നു. അതു കേരളത്തിൽ സജീവമാകുന്നു എന്നതാണ് സമീപ ദിവസങ്ങളിൽ വന്ന ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്. തീർച്ചയായി കക്ഷി രാഷ്ട്രീയത്തിനു അതീതമായി എല്ലാ വിഭാഗം ജനങ്ങളുമായി ചേർന്നു ഈ വിപത്തിനെതിരായ ജനകീയ മുന്നേറ്റം കേരളത്തിൽ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. സർക്കാർ മുൻകൈയെടുത്തു വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഈ വിഷയം ഗൗരവപൂർവം കൈകാര്യ ചെയ്യണം’- അദ്ദേഹം വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: