Headlines

സിനിമാ ടിക്കറ്റെടുക്കാൻ ‘എന്റെ ഷോ’ ആപ്പ്


തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നു. ‘എന്റെ ഷോ’ എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്എഫ്ഡിസിയുടെ 16 തിയേറ്ററുകളില്‍ ‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ തുടങ്ങും.


ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശം. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂ. ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റുവെന്നതിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും കിട്ടും എന്നതാണ് ഏറ്റവും വലിയ ഗുണം. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ പണം വാങ്ങി സിനിമയുടെ പ്രചാരണത്തില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ടിക്കറ്റിന് 25 രൂപ മുതല്‍ അധികം ഈടാക്കി ഇവര്‍ വൻലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള മറ്റൊരു പ്രധാനഘടകം.


18 ശതമാനം ജിഎസ്ടിക്കും 8.5 ശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തില്‍ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്. പക്ഷേ, ഈ തുക പലപ്പോഴും പല തിയേറ്ററുകളും അടയ്ക്കാറില്ല.
സിനിമാടിക്കറ്റിങ് ആപ്പുകള്‍ക്കും സ്വന്തമായി ആപ്പും വെബ്സൈറ്റുമുള്ള തിയേറ്ററുകള്‍ക്കും ‘എന്റെ ഷോ’യിലൂടെയായിരിക്കും ഇനി ടിക്കറ്റ് വിതരണം ചെയ്യാനാകുക.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: