ചേര്‍ത്തല: വീടിനകത്ത് വീണ് പരിക്കേറ്റ് മധ്യവയസ്‌ക മരിച്ച സംഭവം കൊലപാതകമാണോയെന്ന് പരിശോധിക്കാന്‍ പോലിസ് നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ഞായറാഴ്ച്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ചേര്‍ത്തല നഗരസഭയിലെ പണ്ടകശാല പറമ്പില്‍ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നത്. ഒരു മാസം മുന്‍പ് വീട്ടില്‍ വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍ നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടോടെ തഹസില്‍ദാര്‍ കെ ആര്‍ മനോജ്, എഎസ്പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി സജിയുടെ ഭര്‍ത്താവ് സോണിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.
