കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദ്ദിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിയെ ആണ് സഹപാഠി സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും ക്ലാസ് ലീഡറുമായ വിദ്യാർഥിയാണ് അക്രമത്തിനിരയായത്. സഹപാഠി സുഹൃത്തുക്കളുമായി ചേർന്ന് സ്‌കൂളിന് പുറത്ത് വച്ച് മർദ്ദിച്ചതായാണ് പരാതി.
ക്ലാസിൽ അധ്യാപകനില്ലാത്ത സമയം സംസാരിച്ചതിന് വിദ്യാർഥി സഹപാഠിയുടെ പേരെഴുതി വെച്ചതാണ് പ്രകോപനകാരണം. വെളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആദ്യം മുഖത്തടിക്കുകയും തുടർന്ന് നിലത്ത് ചവിട്ടി വീഴ്ത്തുകയും ചെയ്ത ശേഷം ശരീരമാസകലം ചവിട്ടി.
സംഭവം പുറത്ത് പറഞ്ഞാൽ കുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും മർദ്ദനമേറ്റ കുട്ടി പറഞ്ഞു. ദേഹമാസകലം വേദന അനുഭവപ്പെട്ടതോടെ വിദ്യാർത്ഥി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവ് കാഞ്ഞിരപള്ളി പോലീസിലും കോട്ടയം ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്


