എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിൻ ചെയ്യുകയും ഡി.വൈ.എഫ്.ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്; മിശ്രവിവാഹ പരാമർശത്തിൽ വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: എസ്.എഫ്.ഐയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് എസ്.വൈ.എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി. തന്റെ മിശ്രവിവാഹ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രസ്താവനയിൽ വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തിയത്. തങ്ങളെ ബാധിക്കുന്ന വിഷയമായതിനാലാണ് മുസ്ലീം പെൺകുട്ടികളുടെ കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിൻ ചെയ്യുകയും ഡി.വൈ.എഫ്.ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ എസ്.എഫ്.ഐയും സി.പി.എമ്മും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് അഭിപ്രായമില്ല. എല്ലാ മതവിശ്വാസികളിൽപ്പെട്ടവരെയും മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലിം പെൺകുട്ടികളുടെ കാര്യം മാത്രമാണ് ഞങ്ങൾ പറയുന്നത്, ഇത് ഞങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഞങ്ങൾ അതിനെ ഹൈലൈറ്റ് ചെയ്യുന്നു. മറ്റുള്ള വിശ്വാസികളുടെ കാര്യം അവർ പറയട്ടെ’- നാസർ ഫൈസി കൂടത്തായി പറഞ്ഞു.

ഒരു സ്ത്രീയും പുരുഷനും മിശ്രവിവാഹത്തിന് സ്വമേധയാ ഇറങ്ങി തിരിക്കുമ്പോൾ അതിന് സംരക്ഷണം നൽകേണ്ടത് പോലീസ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളാണെന്നും അല്ലാതെ പാർട്ടിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ഒരു വശത്ത് മുസ്ലിം പ്രീണനം നടത്തുകയും അവകാശങ്ങൾക്കുമൊപ്പം നിൽക്കുകയും ചെയ്യുമ്പോൾ മറുവശത്ത് മതരാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ ഇരട്ടത്താപ്പിനെതിരെ വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെന്നും ഇക്കാര്യം എവിടേയും തുറന്ന് സംസാരിക്കുമെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.

നേരത്തേ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ നാസർ ഫൈസി രൂക്ഷമായി വിമർശിച്ചിരുന്നു. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നതിനുപിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആണെന്ന് നാസർ ഫൈസി ആരോപിച്ചിരുന്നു. സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: