സൈനികൻ തോമസ് ചെറിയാന് നാടിന്‍റെ വിട; ധീരജവാന് അന്ത്യാഞ്‌ജലി അർപ്പിച്ച് ആയിരങ്ങൾ

പത്തനംതിട്ട: അൻപത്തിയാറ് വർഷം മുമ്പ് വിമാനപകടത്തിൽ മരണമടഞ്ഞ സൈനികൻ തോമസ് ചെറിയാന് വിട നൽകി നാട്. ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിലായിരുന്നു സംസ്കാരം. രാവിലെ മുതൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിന്‍റെ വസതിയിലേയ്ക്ക് എത്തിയത്.

വ്യാഴാഴ്ച വൈകിട്ടാണ് തോമസ് ചെറിയാന്റെ മൃതദേഹം പാങ്ങോട് സൈനീക ക്യാമ്പിൽ എത്തിച്ചത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ പ്രാർത്ഥനാചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്‌സ് പള്ളിയിൽ മൃതദേഹം എത്തിച്ചു.

വൈകുന്നേരത്തോടെ ശവസംസ്‌കാര ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണ സൈനീക ബഹുമതികളോട് സംസ്‌കരിച്ചു. മെത്രാപോലീത്തമാരായ കുറിയാക്കോസ് മാർ ക്ലിമിസ്, ഏബ്രഹാം മാർ സെറാഫീം എന്നിങ്ങൾക്ക് ശവസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്, പരിശീലനം പൂർത്തിയാക്കി ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് തോമസ് ചെറിയാൻറെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം തോമസ് ചെറിയാനൊപ്പം ക്രാഫ്‌റ്റ്‌സ്‌മാനാനായിരുന്ന കെപി പണിക്കര്‍, കോട്ടയം ഇത്തിത്താനം സ്വദേശി കെകെ രാജപ്പന്‍, ആര്‍മി സര്‍വീസ് കോറിലെ എസ് ഭാസ്‌കരന്‍ പിള്ള, മെഡിക്കല്‍ കോറിലുണ്ടായിരുന്ന റാന്നി സ്വദേശി പിഎസ് ജോസഫ് എന്നിവരും എഎന്‍ 12 എയര്‍ ഫോഴ്‌സ് വിമാന ദുരന്തത്തില്‍ കാണാതായിരുന്നു.

ഹിമാചല്‍ പ്രദേശിലെ റോഹ്താങ്ങ് പാസിലെ മഞ്ഞ് മലയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് തിരിച്ചറിഞ്ഞത്. മല്‍ഖാന്‍ സിങ്ങ്, നാരായണ്‍ സിങ്ങ്, തോമസ് ചെറിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാനായത്. നാലാമത്തെ മൃതദേഹം പത്തനംതിട്ടയില്‍ നിന്ന് തന്നെ കാണാതായ സൈനികന്‍റേതാകാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: