ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി





ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ വിവിധ മേഖലകളിലെ 25 കോടിയിലധികം തൊഴിലാളികള്‍ ഭാഗമാകും. സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് പണിമുടക്കിന്റെ ഭാഗമല്ല.



പണിമുടക്കിനോട് രാജ്യം സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. പണിമുടക്ക് ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹര്‍ത്താലിന്റെ പ്രതീതി നല്‍കുന്നുണ്ടെങ്കിലും മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സാധാരണ നിലയിലാണ്. അതേസമയം, ബിഎംഎസ് ഉള്‍പ്പെടെ  യൂണിയനുകള്‍ രാജ്യവ്യാപക പൊതു പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അവകാശപ്പെട്ടു.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. റെയില്‍വേ, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, തപാല്‍, പ്രതിരോധം, ഖനി, നിര്‍മാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും എന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്.


സര്‍ക്കാര്‍ അനുകൂല ഇടത് സംഘടനകള്‍ ഉള്‍പ്പെടെ പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയിലും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടത്തിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: