നവീൻ ബാബുവിന്റെ മരണം: വനിതാ കമ്മീഷന് പരാതി ലഭിച്ചിട്ടില്ലെന്ന് പി സതീദേവി; കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ


തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി. നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും സതീദേവി പറഞ്ഞു.


നവീൻ ബാബുവിനെ നേരിട്ട് പരിചയമില്ലെന്നും സതീദേവി വ്യക്തമാക്കി. വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അന്വേഷണം യഥായോഗ്യം നടക്കും എന്ന പ്രതീക്ഷയാണുള്ളത്. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും വിഷയത്തിൽ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.

അതേസമയം യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീതയുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഫയൽ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തിൽ പറയുന്നു. റിപ്പോർട്ട് ഇന്നോ നാളെയോ റവന്യൂ മന്ത്രിക്ക് കൈമാറും. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ചാനൽ പ്രവർത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

സംഭവത്തിൽ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോഴും പി പി ദിവ്യയുടെ മുൻകർ ജാമ്യഹർജിയിൽ ഇന്ന് തലശ്ശേരി കോടതിയിൽ വാദം നടക്കുകയാണ്. പൊലീസ് റിപ്പോർട്ട് ദിവ്യക്കെതിരാണ്. കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കഴിയുന്ന തെളിവുകളില്ലെങ്കിലും യാത്രയയപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നവീൻ ബാബുവിന്റെ ഫോൺ രേഖകളും നിർണായകമാണ്. ഇതിലെ വിവരങ്ങൾ കൂടി ഉൾചേർന്ന റിപ്പോർട്ടാണ് പൊലീസ് തയ്യാറാക്കിയത്. നവീൻ ബാബുവിന്റെ കുടുംബവും ദിവ്യയുടെ ജാമ്യാപേക്ഷയിൽ കക്ഷി ചേർന്നിട്ടുണ്ട്. ജാമ്യം നൽകരുതെന്ന് കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനും ശക്തമായി വാദിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: