നവകേരള സദസ് പരാജയം;ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്തിരിക്കാൻ ഇപി ജയരാജൻ യോഗ്യനല്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽ



തിരുവനന്തപുരം: നവ കേരള സദസ്സ് പരാജയമായിരുന്നെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമര്‍ശനം. എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു എന്നും സർക്കാരിന് കൂട്ടത്തരവാദിത്തമില്ലെന്നും വിമര്‍ശമുണ്ടായി. ഇപി ജയരാജൻ ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും കൗൺസിലിൽ കുറ്റപ്പെടുത്തി.

ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും ഇപിയുടെ ബിജെപി ബന്ധ വിവാദം അടക്കം അത്ര നിഷ്കളങ്കമല്ലെന്നും യോഗത്തിൽ വിമര്‍ശനമുണ്ടായി. ഇപിയെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികൾ യോഗത്തിൽ കുറ്റപ്പെടുത്തി.

സിപിഐ മന്ത്രിമാർക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാർ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്നും സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പിണറായി വിജയൻ അങ്ങനെയാണെന്നും വേണ്ട നടപടി സിപിഎം ചെയ്യട്ടെ എന്നും പ്രതിനിധികൾ വ്യക്തമാക്കി. തൃശ്ശൂർ മേയറെ മാറ്റാൻ പാര്‍ട്ടി നേതൃത്വം സിപിഎമ്മിന് കത്ത് നൽകണമെന്ന് തൃശ്ശൂർ ജില്ലാ നേതൃത്വം സംസ്ഥാന കൗൺസിലിൽ ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: