രാജ്യസഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം കുറഞ്ഞു :ബില്ലുകൾ പാസാക്കാൻ ബുദ്ധിമുട്ടും




ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി തുടങ്ങിയ നോമിനേറ്റഡ് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഇതോടെ ബിജെപിയുടെ അംഗബലം 86 ആയും എന്‍ഡിഎയുടേത് 101 ആയും മാറി. 245 അംഗ സഭയില്‍ നിലവിലെ ഭൂരിപക്ഷമായ 113ല്‍ താഴെയാണിത്. അതേസമയം, ഏഴ് നോമിനേറ്റഡ് എംപിമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. രാജ്യസഭയിലെ നിലവിലെ അംഗബലം 225 ആണ്.

കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യാ ബ്ലോക്കിന് 87 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്-26, ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍-13, ഡല്‍ഹിയിലും തമിഴ്നാട്ടിലും അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്കും ഡിഎംകെയ്ക്കും 10 വീതം എന്നിങ്ങനെയാണ് എംപിമാര്‍. ബിജെപിയുടെ പ്രാതിനിധ്യം കുറയുന്നതിനാല്‍ ബില്ലുകള്‍ പാസ്സാക്കാന്‍ മറ്റു കക്ഷികളെ ആശ്രയിക്കേണ്ടിവരും. എന്തിനേറെ എന്‍ഡിഎ ഇതര കക്ഷികളും മുന്‍ സഖ്യകക്ഷികളുമായ തമിഴ്നാട്ടിലെ എഐഎഡിഎംകെ, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയോ നോമിനേറ്റഡ് എംപിമാരെ വരെ ആശ്രയിക്കേണ്ടി വരും. ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് നോമിനേറ്റഡ് സീറ്റുകളും ഒഴിവുള്ള 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും പൂര്‍ത്തിയാവുന്നതുവരെ ബിജെപിക്ക് ഇതായിരിക്കും സ്ഥിതി. ഇതില്‍ എട്ട് സീറ്റുകളെങ്കിലും ബിജെപിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: