നെടുമങ്ങാട്: വലിയമലയിൽ റബ്ബർ ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ.
കല്ലിയൂർ പുന്നമൂട് കുന്നത്തുവിള വീട്ടിൽ എസ്.ജോഷ്വ(20), കല്ലിയൂർ കാരക്കാട്ടുവിള വീട്ടിൽ സി.നിഥിൻ(22), കെ.എസ്.ആർ.ടി.സി. ജീവനക്കാരായ കല്ലിയൂർ പെരിങ്ങമ്മല അബിൻ ഭവനിൽ അബിൻ(21), അരുവിക്കര മഞ്ച വെള്ളൂർക്കോണം പറങ്കിമാംമൂട് വീട്ടിൽ എൽ.ജോണി(45) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റുചെയ്തത്.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. വലിയമല കരിങ്ങയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് റബ്ബർ ടാപ്പിങ്ങിനു പോയ തുളസീധരനെ(62) മൂന്നംഗ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. കരിങ്ങ സെയ്ന്റ് തോമസ് പള്ളിയിലെ കപ്യാരും ഓട്ടോറിക്ഷാത്തൊഴിലാളിയുമായ സന്തോഷിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാലംഗ സംഘം ഇവിടെയെത്തിയതെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
ഒരു മാസമായി പ്രതികളിലൊരാളുടെ ഫോണിൽനിന്ന് സന്തോഷിന് നിരന്തരം ഭീഷണിസന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ രണ്ട് ബൈക്കുകളിലായി സംഘം കരിങ്ങയിലെത്തി. അഞ്ച് മണിക്ക് പള്ളിയിൽ മണിയടിക്കാൻ സന്തോഷ് എത്തുമ്ബോൾ കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ, സന്തോഷ് പള്ളിയിൽ മണിയടിച്ച് പോയതിനു തൊട്ടുപിന്നാലെ തുളസീധരൻ റബ്ബർ ടാപ്പിങ്ങിനു വന്നു. സന്തോഷാണെന്നു തെറ്റിധരിച്ചാണ് സംഘം തുളസീധരനെ വെട്ടിവീഴ്ത്തിയത്. തുളസീധരൻ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്.
