ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 26 റഫാല്‍ എം യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനൊരുങ്ങുന്നത്. കാലപ്പഴക്കം ചെന്ന മിഗ്-29കെ, മിഗ്-29കെയുബി എന്നീ യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്.
എകദേശം 7.6 ബില്യണ്‍ ഡോളറിന്റെ ( 66274 കോടി രൂപ) ആയുധ ഇടപാടിനാണ് ഇരുരാജ്യങ്ങളും ഒരുങ്ങുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആയുധ ഇടപാടില്‍ ഒപ്പുവെക്കും. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലാകും കരാര്‍ യാഥാര്‍ഥ്യമാവുക.
നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നീ വിമാനവാഹിനി കപ്പലുകളിലാണ് ഇവയെ ഉപയോഗിക്കുക. 22 സിംഗിള്‍ സീറ്റ് റഫാല്‍ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാല്‍ ബി ട്രെയിനര്‍ വിമാനങ്ങളുമാണ് കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ഫ്രാന്‍സ് നല്‍കുക. പൈലറ്റുമാര്‍ക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുള്‍പ്പെടെയുള്ളവയും കരാറിനൊപ്പമുണ്ടെന്നാണ് സൂചന.
ട്രെയിനര്‍ വിമാനങ്ങള്‍ വിമാന വാഹിനിയില്‍ ഉപയോഗിക്കില്ല. ഇവ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നാവികതാവളങ്ങളിലാകും സൂക്ഷിക്കുക. റഫാലില്‍ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മിസൈല്‍, ഉത്തം ഇ.എസ്.എ. റഡാര്‍ തുടങ്ങിയവ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
2016ല്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഇതേ മാനദണ്ഡപ്രകാരമാകും പുതിയ കരാര്‍. 114 മീഡിയം മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് വേണ്ടി വാങ്ങാനുള്ള ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വിമാനവും റഫാല്‍ ആണ്. യുദ്ധവിമാന ഇടപാടില്‍ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
