സമൂഹമാധ്യമങ്ങൾ വഴിയുള്ള ലൈംഗിക ചൂഷണത്തിന് തടയിടാൻ ഇൻസ്റ്റാഗ്രാം. നഗ്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകളെ തടയിടാനാണ് പുതിയ അപ്ഡേഷൻ ഇൻസ്റ്റാഗ്രാം എത്തിച്ചിരിക്കുന്നത്. കൗമാരക്കാരായ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനാണ് ഇൻസ്റ്റാഗ്രാം സുരക്ഷാ നടപടികൾ എത്തിച്ചിരിക്കുന്നത്.
മെസേജ് അയക്കുമ്പോൾ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ അനുവദിക്കില്ല. കൗമാരക്കാർക്കായി അടുത്തിടെ ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട് എന്ന പേരിൽ പ്രത്യേക സുരക്ഷ സംവിധാനം എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള തുടർ നടപടികളിലേക്കാണ് ഇൻസ്റ്റാഗ്രാം കടന്നിരിക്കുന്നത്. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളിൽ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകൾ മറയ്ക്കാനും പുതിയ അപ്ഡേഷനിൽ ഇൻസ്റ്റാഗ്രാം ശ്രമിക്കുന്നുണ്ട്.
നഗ്നത മറയ്ക്കുന്ന ഒരു ഫീച്ചറും ഇൻസ്റ്റഗ്രാം അവതരിപ്പിക്കും. സ്വകാര്യ ചാറ്റുകളിൽ വരുന്ന നഗ്‌നത അടങ്ങിയ ചിത്രങ്ങൾ സ്വയം ബ്ലർ ചെയ്യുന്ന ഫീച്ചറാണ് ഇത്. കൗമാര ഉപയോക്താക്കൾക്കായി ഇത് ഡിഫോൾട്ടായി പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. കൂടാതെ സ്വകാര്യ ചിത്രങ്ങൾ അയക്കുന്നതിന് ചില മുന്നറിയിപ്പുകളും കൗമാരക്കാർക്ക് ഇൻസ്റ്റാഗ്രാം നൽകും. വിവിധ രാജ്യങ്ങളിൽ ഇത് എത്തിച്ച് കഴിഞ്ഞിട്ടുണ്ട്. ഉടൻ ഇന്ത്യയിലേക്കും ഇത്തരത്തിലുള്ള നടപടികൾ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇൻസ്റ്റാഗ്രാം.

