തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജോലി നിഷേധിച്ചതായി പരാതി. സിപിഎം ഭരിക്കുന്ന ആനാട് പഞ്ചായത്തിലെ ആറ് സ്ത്രീകളാണ് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതിയുമായി രംഗത്തെത്തിയത്. പ്രസന്ന, ത്രേസ്യ, ഷീബ എൽ.എസ്., സുലജ, സുനിത, ജോളി ആർ. എന്നിവരാണ് പരാതി നൽകിയത്.
ആനാട് പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡായ ഒമ്പതാം വാർഡിലാണ് തൊഴിൽനിഷേധമെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
16 പേരുടെ പേര് മസ്റ്ററിലുണ്ടെങ്കിലും ജോലിയില്‍ നിന്ന് ഇവരെല്ലാവരെയും മാറ്റി നിറുത്തിയിരിക്കുകയാണ്. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വാക്കാല്‍ അറിയിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം. രണ്ടാഴ്ച മുന്‍പും ഇതേ പഞ്ചായത്തില്‍ നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് നാലു സ്ത്രീകളെ തൊഴിലുറപ്പ് ജോലികളില്‍ നിന്ന് മാറ്റി നിറുത്തിയിരുന്നു.


