ഇന്ത്യന്‍നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമംവരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും. റോഡ് ഗതാഗത മന്ത്രാലയത്തോട് കേന്ദ്ര ധനമന്ത്രാലയം നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം, എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പകുതിയിലധികം വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങളെ ഇന്‍ഷുറന്‍സ് കവറേജുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, പുതിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കും. മോട്ടോര്‍ വാഹന ആക്ടില്‍ ഇത് സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തും.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ വാഹനങ്ങളില്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്തിടെ സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ തുടങ്ങണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യുടെ കണക്കുകള്‍ പ്രകാരം, 2024ല്‍ ഇന്ത്യന്‍ നിരത്തുകളിലുള്ള ഏകദേശം 3540 കോടി വാഹനങ്ങളില്‍ 50% ത്തിന് മാത്രമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമാണ്. ആദ്യമായി കുറ്റം ചെയ്യുന്നയാള്‍ക്ക് 2000 രൂപ പിഴയോ മൂന്ന് മാസം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 4,000 രൂപയായി ഉയര്‍ത്താമെന്നുമാണ് മോട്ടോര്‍ വാഹന നിയമം വ്യക്തമാക്കുന്നത്.
