ചെന്നൈ: നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ വധുവിന്റെ പിതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും പൊലീസ് തിരയുന്നുണ്ട്. യുവതിയുടെ അച്ഛന്‍ മുത്തുരാമലിംഗത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ടാണ് തൂത്തുക്കുടി മുരുകേശന്‍ കോവിലില്‍ താമസിച്ചിരുന്ന മാരിശെല്‍വം (24), കാര്‍ത്തിക (20) എന്നിവരെ മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്.
ബന്ധുക്കളായ രണ്ടുപേരും രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മാരിശെല്‍വത്തിന്റെ കുടുംബം അനുകൂലമായിരുന്നു. തുടര്‍ന്ന് രണ്ടുപേരും കോവില്‍പ്പെട്ടി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. ഒക്ടോബര്‍ 30-ന് രണ്ടുപേരും രജിസ്റ്റര്‍വിവാഹം ചെയ്തു. എതിര്‍പ്പ് വകവെക്കാതെയാണ് ഇരുവരും വിവാഹിതരായത്.
മാരിശെല്‍വത്തിന്റെ കുടുംബത്തെ അപേക്ഷിച്ച് കാര്‍ത്തികയുടെ കുടുംബം നല്ല സാമ്പത്തികനിലയിലായിരുന്നു. ഇതാണ് എതിര്‍പ്പിനും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് പറയുന്നു. വിവാഹലോചന നടക്കുമ്പോള്‍ കാര്‍ത്തികയുടെ കുടുംബം മാരിശെല്‍വത്തിന്റെ കുടുംബവുമായി തര്‍ക്കിച്ചിരുന്നു. മാരിശെല്‍വം തുത്തുക്കുടിയില്‍ സ്വകാര്യ കയറ്റുമതി സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
തേവര്‍ ജാതിയില്‍പ്പെട്ടവരാണ് മാരിശെല്‍വവും കാര്‍ത്തികയും. മാരിശെല്‍വം അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. കൊല നടക്കുമ്പോള്‍ മാരിശെല്‍വവും കാര്‍ത്തികയുമല്ലാതെ വീട്ടില്‍ മാറ്റാരുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു

