ദുബായ്: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായിരിക്കുമ്പോൾ തന്നെ, വിവിധ അവകാശവാദങ്ങളും വിവാദങ്ങളും തലപൊക്കുന്നുണ്ട്. ഇതിനിടെ, താൻ യെമനിൽ ആരുടെയും തടവിലല്ലെന്നും, തന്നെക്കുറിച്ച് അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അഭ്യർത്ഥിച്ചു. ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏകദേശം ഒരു വർഷത്തോളമായി നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രേമകുമാരി യെമനിലാണ്. മകളെ യെമനിൽ തനിച്ചാക്കി നാട്ടിലേക്ക് മടങ്ങാൻ തനിക്ക് സാധിക്കില്ലെന്ന് അവർ വീഡിയോയിൽ പറയുന്നു. തന്നെ ആരും നിർബന്ധിച്ച് യെമനിൽ തടഞ്ഞുവച്ചിട്ടില്ലെന്നും, തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും പ്രേമകുമാരി വ്യക്തമാക്കി. നിമിഷപ്രിയയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി അറിയാൻ സാധിക്കുന്നുണ്ടെന്നും, മകളെ കാണാൻ കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് മകളോടൊപ്പം നാട്ടിലേക്ക് തിരികെയെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. 2024 ഏപ്രിൽ 20 മുതലാണ് നിമിഷപ്രിയയുടെ അമ്മ യെമനിൽ കഴിയുന്നത്.
അതേസമയം, കൊല്ലപ്പെട്ട യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ മെഹ്ദി അബ്ദുൽ ഫത്താഹ്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ടു. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫത്താഹ് ഈ വാദം ഉന്നയിച്ചത്. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണം എന്നും ഫത്താഹ് പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമവായ ചർച്ചകൾക്കെതിരെ തുടക്കം മുതലേ നിലകൊള്ളുന്ന വ്യക്തിയാണ് തലാലിന്റെ സഹോദരന്മാരിൽ ഒരാളായ അബ്ദുൽ ഫത്താഹ്. നേരത്തെ, മധ്യസ്ഥതയ്ക്ക് മുൻകൈയെടുത്ത സാമുവൽ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്താഹ് ആരോപിച്ചിരുന്നു.
