മധുര: മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ച് ഒമ്പതുപേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പർ കോച്ചിലാണ് തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.63 പേരാണ് കോച്ചിലുണ്ടായിരുന്നത്.
ശബ്ദമാൻ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ യു.പി സ്വദേശികളാണ്. കോച്ചിനുള്ളിൽ യാത്രക്കാർ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് തീപിടത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
തീപിടിത്തത്തിൽ കോച്ച് പൂർണമായും കത്തി നശിച്ചു. തീ അണച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.അപകടത്തെ തുടർന്ന് മധുര ബോഡി റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു.
മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. പുലർച്ചെ 5.15 നാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും 7.15 ഓടെ തീ പൂർണമായും അണയ്ക്കുകയും ചെയ്തു. സഞ്ചാരികളിൽ ചിലർ ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
