തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂൾ ബസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ബസിലെ കണ്ടക്ടർക്ക് പത്തു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് 58 വയസ്സുകാരായ പ്രതിക്ക് ശിക്ഷ നൽകിയത്.
2017ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി ബസിൽനിന്ന് ഇറങ്ങുന്ന സമയം ബസിന്റെ ഫുഡ്ബോർഡിൽ നിൽക്കുകയായിരുന്ന കിളി, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം കുട്ടി വീട്ടിലും തുടർന്ന് സ്കൂൾ അധികാരികളെയും അറിയിച്ചെങ്കിലും പ്രതി ബന്ധുവാണെന്ന കാരണത്താൽ പ്രിൻസിപ്പൽ നടപടിയെടുത്തില്ല. തുടർന്ന് സ്കൂളിൽ പോകാൻ വൈമനസ്യം പ്രകടിപ്പിച്ച കൂട്ടിയെ രക്ഷിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി. സ്കൂൾ കൗൺസിലർ കൂടികളെ ബാഡ് ടച്ചിനെക്കുറിച്ചും ഗുഡ് ടച്ചിനെ കുറിച്ചും ബോധവൽക്കരിക്കുന്ന സമയത്ത് കുട്ടി തനിക്ക് മുൻപ് പഠിച്ചിരുന്ന സ്കൂളിൽ ബസിനുള്ളിൽ വച്ചുണ്ടായ മോശമായ അനുഭവം വെളിപ്പെടുത്തി. സ്കൂൾ അധികൃതരാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്.
എന്നാൽ സംഭവം നടന്ന ബസ് സംഭവത്തിന് ശേഷം നിർമിച്ച് നിരത്തിലിറക്കിയതാണെന്ന് പൊലീസിനെ പ്രിൻസിപ്പൽ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ കേസിൽ പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂൾ അധികൃതർ ബസ് ആക്രി കച്ചവടക്കാരന് വിറ്റെന്നും ബസ് പൊളിച്ചതായും മനസ്സിലാക്കി. പ്രിൻസിപ്പൽ ബോധപൂർവ്വം കേസ് അട്ടിമറിച്ചതാണ് എന്ന് മനസിലാക്കിയ പൊലീസ് ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കോടതിയിലും കൂറിമാറിയ പ്രിൻസിപ്പൽ, പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു

