തിരുവനന്തപുരം: പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം വരും. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.

ഉദ്യോഗാര്‍ത്ഥികളുടെ പാസ്‌വേര്‍ഡ് നിബന്ധനകള്‍ക്കനുസരിച്ച് പുതുക്കുവാനുള്ള സ്‌ക്രീനും തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്നതാണ്. അതിനുശേഷം യൂസര്‍ ഐഡിയും പുതുക്കിയ പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ് വേര്‍ഡ് പുതുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്സി അറിയിച്ചു.

