റോഡ് അപകടങ്ങൾ കുറയ്ക്കാൻ കൃത്യമായി ട്രാഫിക് നിയമങ്ങൾ നാം പാലിക്കണം. എന്നാൽ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതായാൽ പിഴ തന്നെ ശരണം. ബെംഗളൂരുവിലെ ഒരു യുവതി സ്ഥിരം റോഡിലെ നിയമങ്ങൾ തെറ്റിക്കുന്നതിൽ റെക്കോഡ് ഇട്ടിരിക്കുകയാണ്. 270 തവണ ആണ് ഇവർ നിയമം തെറ്റിച്ചത്. ഹെൽമറ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിച്ചതും 1.36 ലക്ഷം രൂപയാണ് ഇവർ പിഴയായി കൊടുക്കേണ്ടി വന്നത്.
ദിനവും നിയമലംഘനങ്ങൾ ആവർത്തിച്ചപ്പോൾ ലഭിച്ച പിഴതുക സ്കൂട്ടറിന്റെ വിലയേക്കാളും അധികം. 136000 രൂപയെന്ന ഭീമമായ തുകയാണ് ഈ സ്ഥിരം നിയമലംഘകയ്ക്കു ട്രാഫിക് പോലീസ് പിഴയായി നൽകിയത്. കൂടാതെ, സ്ത്രീയുടെ വാഹനമായ ഹോണ്ട ആക്‌ടിവ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.
ഒരു സ്വകാര്യ ചാനലാണ് നിയമലംഘനങ്ങൾ തുടർക്കഥയാക്കിയ യുവതിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടത്. 270 തവണയാണ് നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, റോഡിൽ എതിർദിശയിലൂടെയുള്ള സഞ്ചാരം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകൾ പാലിക്കാതെയിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് യുവതി ദിവസവും സഞ്ചരിക്കുന്ന വഴിയിലെ സി സി ടി വി ദൃശ്യങ്ങളിലുള്ളത്
ഏറെ നാളായി തുടരുന്ന അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനുള്ള താക്കീതാണ് യുവതിയ്ക്ക് ലഭിച്ച ഇത്രയും വലിയ പിഴ തുക. നിയമലംഘനങ്ങൾ വെളിപ്പെടുത്തുന്നതിനായി സി സി ടി വികൾ സ്ഥാപിച്ചതിന്റെ പ്രാധാന്യത്തിലേക്കുമിതു വിരൽ ചൂണ്ടുന്നു. സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണു ഹെൽമെറ്റുകൾ ധരിക്കേണ്ടതെന്ന കാര്യം പോലും മറന്നാണ് പലരും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത്. ആരുടെ ജീവനും വില കല്പിക്കാതെയുള്ള നിയമലംഘനങ്ങൾ ഇന്ത്യൻ റോഡുകളിൽ പതിവ് കാഴ്ചയാകുമ്പോൾ സ്ഥിരം നിയമലംഘകർക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ പിഴ.

