കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ബിജെപിക്ക് അനുകൂലമായി തിരിമറിയെന്ന് പരാതി. കാസർകോട് ഗവ. കോളജിൽ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്.
താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്നതായാണ് പരാതി ഉയർന്നത്. താമരക്ക് ഒരു വോട്ട് ചെയ്താൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം ലഭിക്കുന്നു. താമരക്ക് വോട്ട് ചെയ്‌തില്ലെങ്കിൽ വിവിപാറ്റ് എണ്ണുമ്പോൾ ഒരു വോട്ട് താമരക്ക് ലഭിക്കുന്നു.
മൊഗ്രാൽ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയർന്നത്. പട്ടികയിൽ ആദ്യ സ്ഥാനാർഥിയാതുകൊണ്ടാണ് ഒരു വോട്ട് ചെയ്യുമ്പോൾ ആദ്യത്തെ സ്ഥാനാർഥിക്ക് ഒരു വോട്ട് വീഴുന്നതെന്നും ആദ്യത്തേത് മറ്റേതെങ്കിലും സ്ഥാനാർഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും എന്നും പരിശോധകർ പറഞ്ഞു. എണ്ണാനുള്ളതല്ല എന്ന് വിവിപാറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഗൗരവമുള്ളതല്ല ഇതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.
അതേസമയം, വിവിപാറ്റ് എണ്ണേണ്ടിവരുമ്പോൾ വോട്ട് തങ്ങളുടേതാണ് എന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പരാതിക്കാർ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതിനിധി നാസർ ചെർക്കളം വരണാധികാരിക്ക് പരാതി നൽകി.
ഇവിടെ 228 മെഷീനുകളാണുള്ളത്. ഒരു റൗണ്ടിൽ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ നാല് മെഷീനുകളിൽ പരാതി ഉയർന്നു. ആകെ മെഷീനുകളിൽ അഞ്ച് ശതമാനത്തിന് മുകളിൽ പരാതികളുണ്ടായാൽ മുഴുവൻ മെഷീനുകളും മാറ്റണം എന്ന് ആവശ്യപ്പെടാം.

