തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം.

മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും ഫണ്ട് ലഭിക്കുന്നതിനായി എല്ലാം വാതിലുകളും മുട്ടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് അയച്ച കത്തില്‍ സുചാരിത പറയുന്നു.

ഒഡീഷയുടെ ചുമതലയുള്ള എഎസിസിസി ഭാരവാഹിയായ ഡോ. അജോയ് കുമാറിനോട് ഇക്കാര്യം പലതവണ അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. അദ്ദേഹം സ്വയം ഫണ്ട് കണ്ടെത്താനാണ് പറയുന്നത്. തന്റെ സമ്പാദ്യം മുഴുവന്‍ പ്രചാരണത്തിനായി ചെലവഴിച്ചെന്നും ഇനി കൈയില്‍ പണമില്ലെന്നും സുചാരിത പറയുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സംബീത് പത്രയും ബിജെഡി സ്ഥാനാര്‍ഥി അരൂപ് പട്‌നായിക്കും പണമൊഴുക്കിയാണ് പ്രചാരണം നടത്തുന്നതെന്നും പുരി ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ തീര്‍ത്തും ദുര്‍ബലരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായക്കിയതെന്നും സുചാരിത പറഞ്ഞു.

തിങ്കളാഴ്ചയാണ് പുരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: