കേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി ഓള്‍ പാസില്ല, വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും; വിജ്ഞാപനം ഇറങ്ങി





ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് പാലിച്ചിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ പാസും നല്‍കി ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി എടുത്തുകളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. അവര്‍ വീണ്ടും ആ വര്‍ഷം ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടതായി വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്നിരുന്നാലും, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.



വാര്‍ഷിക പരീക്ഷയിലും രണ്ടാമത് നടത്തിയ പരീക്ഷയിലും തോറ്റതിനെ തുടര്‍ന്ന് ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ക്ലാസ് ടീച്ചര്‍ മാര്‍ഗനിര്‍ദേശം നല്‍കണം. മൂല്യനിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങളിലെ പഠന വിടവുകള്‍ തിരിച്ചറിഞ്ഞ ശേഷം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 3,000ത്തിലധികം സ്‌കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇതിനകം 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഈ രണ്ട് ക്ലാസുകള്‍ക്ക് ഓള്‍പാസ് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.


മറ്റു സംസ്ഥാനങ്ങള്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കുന്ന നയം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹരിയാനയും പുതുച്ചേരിയും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ ഈവര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് വേണ്ട എന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു. കെഎസ്ടിഎ അടക്കമുള്ള ഇടത് സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എട്ടാം ക്ലാസില്‍ നിന്ന് ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. അടുത്ത വര്‍ഷം ഇത് ഒന്‍പതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026-27 അക്കാദമിക വര്‍ഷം പത്ത് വരെയുള്ള ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് സമാനമായി സബ്ജക്ട് മിനിമം കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: