മലപ്പുറം : തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കെടി ജലീൽ വ്യക്തമാക്കുന്നു. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു.
ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീൽ തവനൂരിൽ നിന്നുള്ള എംഎൽഎയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനങ്ങളും ഗുരുതര ആരോപണങ്ങളും ഉന്നയിച്ച പിവി അൻവറിന് പിന്നാലെയാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നു കാട്ടുമെന്ന് കെടി ജലീൽ പ്രഖ്യാപിച്ചിരിക്കുന്നത്. പി വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കെ ടി ജലീൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

