എമ്പുരാന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഏപ്രില്‍ 25നാണ് ‘തുടരും’ തിയേറ്ററിലെത്തുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിരുന്നു. തന്റെ തന്നെ ചിത്രത്തോടൊപ്പം, ‘അപ്പൊ എങ്ങനെ സ്‌പ്ലെന്‍ഡര്‍ ഇറക്കട്ടെ’, എന്ന ചോദ്യമായിരുന്നു തരുണ്‍ മൂര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്.
ഫണ്‍ മൂഡിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാല്‍ ട്രെയിലറിന്റെ അന്ത്യത്തില്‍ അല്‍പം സസ്‌പെന്‍സും സംവിധായകന്‍ കാത്തുവച്ചിട്ടുണ്ട്. ‘മഴ നനയുകയല്ലല്ലോ കുട്ടിച്ചാ… എല്ലാവരും എന്നെയിങ്ങനെ മഴയത്തു നിര്‍ത്തിയിരിക്കുവല്ലേ’ എന്ന മോഹന്‍ലാല്‍ ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360ാമത്തെ ചിത്രമാണ്. ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. 2004ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായത്.
കെ.ആര്‍. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. ചിത്രത്തിനായി എം ജി ശ്രീകുമാര്‍ പാടിയ കണ്‍മണിപൂവേ’ എന്ന ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ്‌യാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
