ആലപ്പുഴ: മാവേലിക്കരയിൽ വാതിൽപ്പടി സേവനത്തിന് എത്തിയ തഴക്കര പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾക്ക് നേരെ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാർഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിന് ഇരയായത്. കുന്നം മലയിൽ സലിൽ വിലാസിൽ സാം തോമസാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയവർക്ക് നേരെ അസഭ്യം പറയുകയും ഉടുതുണി ഉയർത്തിക്കാട്ടി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകർമ സേനാംഗങ്ങൾ വണ്ടിയിൽ സാധനം എടുക്കാൻ വന്നപ്പോഴാണ് ഇയാളുടെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായത്. ഇയാളുടെ വീട്ടിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങൾ ഉൾപ്പടെ ചാക്കിൽ കെട്ടി മതിലിന്റെ ഒരുവശത്ത് വച്ചശേഷം ഇത് പിന്നീട് എടുക്കാമെന്ന് അറിയിച്ചിരുന്നു. ഹരിതകർമസേന അംഗങ്ങൾ പോയ ശേഷം ഇയാൾ ഈ സാധനം എടുത്ത് ഒരു ജങ്ഷനിൽ കൊണ്ടുപോയി തള്ളി. എന്നാൽ വീണ്ടും സാധനങ്ങൾ ശേഖരിക്കാനെത്തിയ സ്ത്രീകൾ വച്ച സ്ഥലത്ത് കാണാത്തതിനെ തുടർന്ന് ഇയാളുടെ വീട്ടിൽ പോയി കാര്യങ്ങൾ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം
വീട്ടിൽ നിന്ന് പുറത്തുവന്ന ഇയാൾ സ്ത്രീകളെ ഉടുതുണി പൊക്കി കാണിക്കുകയായിരുന്നെന്ന് ഹരിതകർമസേന അംഗങ്ങൾ പറയുന്നു. ഒപ്പം ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സാംതോമസിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതായും ജാതി അധിക്ഷേപത്തിൽ കേസ് എടുത്തിട്ടില്ലെന്നും യുവതികൾ പറയുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.