ന്യൂഡൽഹി ∙ രാജ്യത്തു നഴ്സിങ്– മിഡ്‍വൈഫറി ലൈസൻസ് അനുവദിക്കാൻ അവസാനവർഷക്കാർക്കു പരീക്ഷ പരിഗണനയിൽ. എംബിബിഎസ് യോഗ്യത നേടുന്നവർ എഴുതേണ്ട ‘നെക്സ്റ്റി’ന്റെ (നാഷനൽ എക്സിറ്റ് ടെസ്റ്റ്) മാതൃകയിലുള്ള പരീക്ഷയ്ക്കാണു സാധ്യത. നഴ്സിങ് ബിരുദ, പിജി പ്രവേശനത്തിനു രാജ്യത്തു പൊതുരീതി വരും. ദേശീയ മെഡിക്കൽ കമ്മിഷന്റെ മാതൃകയിൽ രൂപീകരിക്കുന്ന നഴ്സിങ് ആൻഡ് മിഡ്‍വൈഫറി കമ്മിഷനാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
നിലവിലെ നഴ്സിങ് കൗൺസിലുകൾക്കു പകരം ദേശീയ, സംസ്ഥാന നഴ്സിങ് കമ്മിഷനുകൾ രൂപീകരിക്കും. ഇവർക്കു നയരൂപീകരണച്ചുമതലയും നിയന്ത്രണാധികാരവുമുണ്ടാകും. സ്വയംഭരണാധികാരത്തോടെ 3 ബോർഡുകളും സ്ഥാപിക്കും.
നഴ്സിങ് ആൻഡ് മിഡ്‍വൈഫറി ഉപദേശക കൗൺസിൽ രൂപീകരിക്കാനും കരടു ബില്ലിൽ നിർദേശമുണ്ട്. രാജ്യത്തെ മുഴുവൻ നഴ്സുമാരുടെയും യോഗ്യതയടക്കം എല്ലാ വിവരങ്ങളുമായി ദേശീയ, സംസ്ഥാന റജിസ്റ്ററുകൾ ഓൺലൈനായും ഓഫ്‌ലൈനായും സജ്ജമാക്കും. വിദേശത്തു നഴ്സിങ് പഠിച്ചെത്തുന്നവർക്ക് രാജ്യത്തു താൽക്കാലിക റജിസ്ട്രേഷൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്.
ബിഡിഎസ് യോഗ്യത നേടുന്നവർക്കും ‘നെക്സ്റ്റ്’ (നാഷനൽ എക്സിറ്റ് ടെസ്റ്റ്–ഡെന്റൽ) പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തോടെ നാഷനൽ ഡെന്റൽ കമ്മിഷൻ ബിൽ ആരോഗ്യമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ചു. ഡെന്റൽ കൗൺസിലിനു പകരം കൂടുതൽ അധികാരങ്ങളോടെ ദേശീയ ഡെന്റൽ കമ്മിഷൻ രൂപീകരിക്കും. ഇവയ്ക്കു കീഴിലും പ്രത്യേക ബോർഡുകൾ രൂപീകരിക്കാൻ ബില്ലിൽ നിർദേശമുണ്ട്.