തൃശൂർ: എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കി. വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്.
തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്ത വീഡിയോ പുറത്തു വന്നത് കഴിഞ്ഞ ദിവസമായിരുന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. പരാതിക്കാരന്‍ അജിത് കൊടകരയ്ക്കാണ് പണം വാഗ്ദാനം ചെയ്തത്.
ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്‍, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന്‍ ചോദിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുമ്പോള്‍, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന്‍ ആവശ്യപ്പെടുന്നു.
പുറത്തുവന്ന വീഡിയോ വൈശാഖന്‍ നിഷേധിച്ചില്ല. തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്‍ ഇടനില നിന്നിട്ടില്ലെന്നും വൈശാഖന്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്.
വെള്ളിക്കുള്ളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി റവന്യൂഭൂമിയില്‍നിന്ന് അനധികൃതമായി ഖനനം നടത്തി കടത്താന്‍ ശ്രമിച്ചിരുന്നു. അതിനെതിരെ അജിത് കൊടകര വിജിലന്‍സില്‍ പരാതി നല്‍കി. അനധികൃത ഖനനത്തിനെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കണമെന്നായിരുന്നു വൈശാഖന്റെ ആവശ്യം. ഇതിനാണ് പണം വാഗ്ദാനം ചെയ്തത്.
തെളിവിനുവേണ്ടി പരാതിക്കാന്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐയിലെ വനിതാ നേതാവിന്റെ പരാതിയില്‍ സംഘടനാതലത്തില്‍ നടപടി നേരിടുന്നയാളാണ് എന്‍.വി. വൈശാഖന്‍.