അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘എലി ലില്ലി’യുടെ പ്രശസ്തമായ മരുന്ന് ‘മൗന്‍ജാരോ’ (ടിര്‍സെപാറ്റിഡ്) ഇന്ത്യയില്‍ പുറത്തിറക്കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗന്‍ജാരോ ഇന്‍ജക്ഷന്‍ എടുക്കേണ്ടത്. 5 മില്ലിഗ്രാം വയാലും 2.5 മില്ലിഗ്രാം വയാലുമാണ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയാലിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാം വയാലിന് 3,500 രൂപയും.
നാച്യുറല്‍ ഇന്‍ക്രെറ്റിന്‍ ഹോര്‍മോണുകളായ ജിഐപി, ജിഎല്‍പി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. യു.കെ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും ‘മൗന്‍ജാരോ’ എന്ന ബ്രാന്‍ഡില്‍ തന്നെയാണ് എലി ലില്ലി ഈ മരുന്ന് വില്‍ക്കുന്നത്. യു.എസില്‍ ‘സെപ്ബൗണ്ട്’ എന്നപേരിലും ഇതേ ഇന്‍ജക്ഷന്‍ വില്‍ക്കുന്നുണ്ട്.
അതേസമയം, ‘മൗന്‍ജാരോ’യ്ക്ക് ഇന്ത്യന്‍ വിപണയില്‍ പ്രഖ്യാപിച്ച വില കൂടുതലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വിലയാണെങ്കില്‍ ഒരുവര്‍ഷം ലക്ഷക്കണക്കിന് രൂപ ഒരു രോഗി മരുന്നിനായി ചെലവഴിക്കേണ്ടിവരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
