തിരുവനന്തപുരം: സ്വർണം തട്ടിയെടുക്കാൻ കബളിപ്പിച്ച് കല്യാണം നടത്തിയെന്ന വധുവിന്റെ പരാതിയിൽ വരനും ബന്ധുക്കൾക്കുമെതിരേ കേസ്. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരേയാണ് വിവാഹം കഴിഞ്ഞ ഉടനെ വധുവും കുടുംബവും പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വരന്റെ വീട്ടിലെത്തിയപ്പോൾ മറ്റൊരു സ്ത്രീ ഇവിടെയെത്തി ബഹളമുണ്ടാക്കി.
മിഥുനുമായി നേരത്തെ ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും പറഞ്ഞാണ് 39 കാരി ബഹളമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തന്നെ പീഡിപ്പിച്ചുവെന്നുകാട്ടി 39 കാരി കരമന പോലീസിലും പരാതി നൽകി.
ബന്ധുക്കളെത്തി വധുവിനെ തിരികെ കൂട്ടിക്കൊണ്ടു പോവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. മിഥുന് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് അറിഞ്ഞിട്ടും വീട്ടുകാർ മറച്ചുവച്ച് കല്യാണം നടത്തുകയായിരുന്നുവെന്നാണ് വധുവിന്റെ ബന്ധുക്കളുടെ ആരോപണം. സ്വർണാഭരണം കൈക്കലാക്കി വിദേശത്തേക്ക് കടക്കാനാണ് മിഥുൻ വിവാഹം കഴിച്ചതെന്നും ഇവർ ആരോപിച്ചു. മിഥുനും രക്ഷിതാക്കൾക്കും എതിരേ വഞ്ചനാക്കുറ്റം ചുമത്തി ഫോർട്ട് പോലീസ് കേസെടുത്തു.

