തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ വൈകിട്ട് നാല് മണിക്കാണ് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുക. മാനവീയം വീഥിയിൽ നിന്നാരംഭിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കംകുറിക്കും. ആയിരത്തോളം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങൾക്കൊപ്പം അറുപതോളം ഫ്ളോട്ടുകളാണ് ഘോഷയാത്രയിൽ അണിനിരക്കുക. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാകും ഫ്ളോട്ടുകൾ. ഇതോടൊപ്പം 91 ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറമേകും.
ഝാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമീണ കലകളും ഇതിന്റെ ഭാഗമാകും. കേരളീയ പൈതൃകം, സിനിമ, സാഹിത്യം, സ്ത്രീ ശാക്തീകരണം, സ്ത്രീസുരക്ഷ, ആരോഗ്യം, ശാസ്ത്രസാങ്കേതികവിദ്യ എന്നീ വിഷയം അടിസ്ഥാനമാക്കിയ ഫ്ളോട്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹരിതചട്ടം പാലിച്ചാണ് ഫ്ളോട്ടുകൾ ഒരുക്കിയിട്ടുള്ളത്.
പബ്ലിക് ലൈബ്രറിക്ക് മുന്നിലെ വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും. വിനോദസഞ്ചാരികൾക്ക് ഘോഷയാത്ര കാണുന്നതിനായി വിവിഐപി പവലിയനു സമീപമായി പ്രത്യേകയിടവും സജ്ജമാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
*നാളെ ഗതാഗത നിയന്ത്രണം*
ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഉച്ചയ്ക്ക് രണ്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, എൽഎംഎസ്, സ്റ്റാച്യു, ഓവർ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കൽ, കല്ലുമ്മൂട് വരെ റോഡിൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല.
നിശ്ചലദൃശ്യങ്ങൾ കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങരയിലേക്കും വാഹനങ്ങൾ കടത്തിവിടില്ല. റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. നിർത്തിയിട്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.
*വാഹനങ്ങൾ പോകേണ്ട വഴി*
കഴക്കൂട്ടത്തുനിന്നു ഉള്ളൂർ വഴി നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ്-പാറ്റൂർ-ജനറൽ ആശുപത്രി-ബേക്കറി ഫ്ളൈ ഓവർ വഴി തമ്പാനൂരിലേക്ക് പോകണം.
എംസി റോഡിൽനിന്ന് തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണ്ണന്തല- കുടപ്പനക്കുന്ന്- പേരൂർക്കട- ഇടപ്പഴിഞ്ഞി- വഴുതയ്ക്കാട്- തൈക്കാട് വഴിയോ അമ്പലംമുക്ക്- ഊളമ്പാറ -ഇടപ്പഴിഞ്ഞി- വഴുതയ്ക്കാട്- തൈക്കാട് വഴിയോ പോകേണ്ടതാണ്.
പട്ടം ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ പൊട്ടക്കുഴി- മുറിഞ്ഞപാലം-കുമാരപുരം-കണ്ണമ്മൂല-നാലുമുക്ക് -പാറ്റൂർ-ജനറൽ ആശുപത്രി-ബേക്കറി ഫ്ളൈ ഓവർ വഴിയും ചെറിയ വാഹനങ്ങൾ മരപ്പാലം -കവടിയാർ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്എംസി- തൈക്കാട് വഴിയും പോകേണ്ടതാണ്.
പേരൂർക്കട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൈപ്പിൻമൂട്- ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്എംസി- വഴുതയ്ക്കാട്- തൈക്കാട് വഴി പോകേണ്ടതാണ്.
പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വഞ്ചിയൂർ-ഉപ്പിടാംമൂട്- തകരപ്പറമ്പ് ഫ്ളൈഓവർ- കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം-ചൂരക്കാട്ടുപാളയം വഴി പോകണം.
കിഴക്കേക്കോട്ടയിൽനിന്ന് ചാക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര-ഈഞ്ചയ്ക്കൽ-ചാക്ക വഴി പോകേണ്ടതാണ്.
കിഴക്കേക്കോട്ടയിൽനിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
കിഴക്കേക്കോട്ടയിൽ നിന്നും സർവീസ് ആരംഭിക്കേണ്ട ബസുകൾ അട്ടക്കുളങ്ങര-മണക്കാട് റോഡിലും അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് സർവീസ് നടത്തേണ്ടതാണ്.
തമ്പാനൂർ ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലൈഓവർ -കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
