കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയത് ഒന്നരക്കോടി; കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലു പേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്.


കേസിൽ പിടിയിലായ പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കരാർ ജീവനക്കാരനായ അപ്രൈസര്‍ രാജനാണ് നേരത്തെ പിടിയിലായത്.

കഴിഞ്ഞ വർഷം ഒക്ടോബർ 28 നും ഈ വർഷം ജനുവരി 18 നും ഇടയിൽ 10 തവണയാണ് പണയം വച്ചിട്ടുള്ളത്. മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് പൊലീസ് കണ്ടെത്തി. 79 അക്കൗണ്ടുകളില്‍ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തൽ. 10 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി. എന്നാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പ്രതികള്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം. അതിനാല്‍ തന്നെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന കണക്കൂക്കൂട്ടലിലാണ് പൊലീസ്. ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് ഏഴു കോടിയുടെ തട്ടിപ്പ് നടന്നതായി കെഎസ്എഫ്ഇ ഓ‍ഡിറ്റ് വിഭാഗം കണ്ടെത്തി. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: