Headlines

ഡ്രീം11 കളിച്ച എസ്ഐക്ക് ഒന്നര കോടി; ലോണ്‍, മക്കളുടെ വിദ്യാഭ്യാസം എന്തെല്ലാം സ്വപ്നങ്ങൾ, കിട്ടിയതോ സസ്പെൻഷൻ

പൂനെ: ഓൺലൈൻ ഗെയിമായ ഡ്രീം 11ലൂടെ ഒന്നരക്കോടി രൂപ നേടിയ സബ് ഇൻസ്‌പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. മോശം പെരുമാറ്റം, പൊലീസിന്‍റെ പ്രതിച്ഛായ നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് പൊലീസാണ് എസ്ഐക്കെതിരെ നടപടിയെടുത്തത്.

അനുമതിയില്ലാതെയാണ് ഝെൻഡെ ഓൺലൈൻ ഗെയിം കളിച്ചതെന്നും പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും മേലുദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിന് നേതൃത്വം നൽകിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്‌ന ഗോർ പറഞ്ഞതിങ്ങനെ- “അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തി. ഇതാണ് സസ്പെന്‍ഷന് കാരണം. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണിത്. ഓൺലൈൻ ഗെയിമുകൾ കളിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും.” വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക് എസ്ഐ വിശദീകരണം നല്‍കണം. ഈ വിശദീകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നടപടി.

ഓണ്‍ലൈന്‍ ഗെയിമിലൂടെ ഒന്നര കോടി കിട്ടിയതിന്‍റെ സന്തോഷം എസ്ഐ നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഒന്നര കോടി അടിച്ചെന്ന് അറിഞ്ഞപ്പോള്‍ പണമൊന്നും ലഭിക്കില്ലെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് എസ്ഐ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍ പണമെത്തി. ഇതില്‍ നിന്ന് 60,000 രൂപ കമ്പനി പിടിച്ചു. ബാക്കി 1,40,000 രൂപ ലഭിച്ചെന്നും എസ്ഐ പറയുകയുണ്ടായി.

കിട്ടുന്ന പണം കൊണ്ട് വീടിന്റെ ലോണ്‍ അടച്ചു തീര്‍ക്കാനാണ് പദ്ധതിയെന്ന് എസ്ഐ പറയുകയുണ്ടായി. കിട്ടുന്നതില്‍ പകുതി സ്ഥിര നിക്ഷേപമായി ബാങ്കിലിടും. അതില്‍ നിന്നുള്ള പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ സന്തോഷത്തിലും പദ്ധതികള്‍ക്കും അധികം ആയുസ്സുണ്ടായില്ല. വളരെ വേഗത്തില്‍ തന്നെ എസ്ഐക്കെതിരെ നടപടി വന്നു.

ഇന്ത്യയിലെ ആദ്യത്തെ ഗെയിമിങ് സ്റ്റാര്‍ട്ടപ്പ് കൂടിയാണ് ഡ്രീം 11. 7535 കോടി മൂല്യമുള്ള കമ്പനിക്കെതിരെ ഇതിനകം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചൂതാട്ടമാണോ ഇത് എന്നതായിരുന്നു പ്രധാന ചോദ്യം. ഉപഭോക്താക്കള്‍ കഴിവ് ഉപയോഗിച്ച് ജയിക്കുന്നതാണെന്നും ചൂതാട്ടമല്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: