തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുമ്പിലായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അറഫാൻ മരിച്ചത്.
അറഫാന്റെ ബൈക്ക് എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റെ പിൻസീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടൻ (35) മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്.
സിനിമ കണ്ടു മടങ്ങുകയായിരുന്നു ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിൻസും. അപകടം നടക്കുമ്പോൾ പ്രിൻസ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണതോടെയാണ് ഉണ്ണിക്കുട്ടന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ കഴക്കൂട്ടം പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. കഴക്കൂട്ടം കിൻഫ്രയിലെ സ്വകാര്യ ഐസ്ക്രീം കമ്പനിയിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്നു ഉണ്ണിക്കുട്ടൻ.
