കൊച്ചി: തൂപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനത്തിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഇതിൽ കുട്ടികൾ അടക്കം ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പടക്കപ്പുരയ്ക്ക് സമീപമുള്ള 25 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കൾ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ വാഹനത്തിൽ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പടക്കപ്പുരയിൽ ഉണ്ടായിരുന്നവർക്കും സ്ഫോടക വസ്തുക്കൾ ഇറക്കാൻ സഹായിച്ചവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരം വരെ സ്ഫോടക വസ്തുക്കൾ തെറിച്ചുവീണു. സ്ഫോടക വസ്തുക്കൾ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളിൽ നാശനഷ്ടം സംഭവിച്ചത്. വീടുകളിൽ ചില്ലുകൾ തകരുന്ന സ്ഥിതി ഉണ്ടായി
ചില്ല് തെറിച്ച് വീണ് വീടുകളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രകമ്പനം അനുഭവപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

