കണ്ണൂർ: കാഞ്ഞിരക്കൊല്ലിയില്‍ നിധീഷ് എന്ന യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലക്ക് പിന്നിലെന്നാണ് നിലവിലെ നിഗമനം. അതേസമയം കൊലപാതകത്തിന് പിന്നില്‍ വന്‍സാമ്പത്തിക ഇടപാടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയത് രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
കൊലപാതകത്തിൽ രതീഷിന്റെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുന്നതിന് മുൻപ് ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും തുടർന്ന് ഇരുമ്പ് പണിശാലയിലെ വെട്ടുകത്തി ഉപയോഗിച്ച് നിധീഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ആക്രമണത്തിൽ നിധീഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിന് കാരണമായതെന്ന സംശയവും പൊലീസിനുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു കാഞ്ഞിരക്കൊല്ലിയില്‍ നിധീഷിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. തടയുന്നതിനിടെയാണ് ഭാര്യ ശ്രുതിക്ക് വെട്ടേറ്റത്. ശ്രുതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട നിധീഷ് നേരത്തെ നാടന്‍ തോക്ക് നിര്‍മിച്ച് നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും എന്നാല്‍ തോക്ക് കണ്ടെത്തിയിട്ടില്ലെന്നും തെളിഞ്ഞു.
നേരത്തെ നിധീഷ് ബാബുവുമായി ചിലര്‍ക്ക് സാമ്പത്തിക തര്‍ക്കമുള്ളതായി ഭാര്യ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലയാളികളുടെ പേരോ മറ്റു വിവരങ്ങളോ ഇവര്‍ക്കറിയില്ല. കണ്ടാല്‍ തിരിച്ചറിയാമെന്നാണ് നിധീഷ് ബാബുവിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കിയത്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലിസ്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലുള്ള ഇവരുടെ മൊഴി ബുധനാഴ്ച്ച വിശദമായി വീണ്ടുമെടുക്കും.
