ന്യൂഡൽഹി: ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാനായി മഹാത്മാ ഗാന്ധിയുടെ സമരമാര്‍ഗ്ഗമായിരുന്നു നിരാഹാര സത്യാഗ്രഹം. ഇപ്പോഴും അത് ആര്‍ക്കും കാര്യമായ ബുദ്ധിമുട്ടില്ലാത്ത ഒരു സമരമാര്‍ഗ്ഗമാണ്. പല ആവശ്യങ്ങളും നേടിയെടുക്കാനായി സ്വയം പട്ടിണി കിടക്കുന്ന സമരമുറ ധാരാളം വ്യക്തികളും സംഘടനകളുമെല്ലാം ഇന്നും പിന്തുടരുന്നുണ്ട്. എന്നാല്‍, ഇനി മുതല്‍ നിരാഹാര സമരം അത്ര നിഷ്‌കളങ്കമല്ല. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത പ്രകാരം നിരാഹാര സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റിയിട്ടുണ്ട്. മരണം വരെ നിരാഹാര നടത്തുമെന്ന് പ്രഖ്യാപിച്ച് സമരത്തിനിറങ്ങുന്നവര്‍ക്കെതിരെ പുതിയ നിയമപ്രകാരം ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന തരത്തില്‍ കേസെടുക്കാന്‍ കഴിയുമെന്ന് നിയമ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പൊതുസേവകനെ കൃത്യ നിര്‍വ്വഹണത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ആരെങ്കിലും ആത്മഹത്യക്ക് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതുമല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാന്‍ പുതിയ നിയമപ്രകാരം കഴിയും. മരണം വരെ നിരാഹാരം കിടക്കുന്നതും ഈ വകുപ്പില്‍ പെടും. നിരാഹാരസമരം നടത്തുന്നവര്‍ക്കെതിരെ നേരത്തെ പോലീസ് 309-ാം വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നീട് ഈ വകുപ്പ് പൂര്‍ണ്ണമായും എടുത്തു കളയണമെന്ന് സുപ്രീം കോടതിയും നാഷണല്‍ ലോ കമ്മീഷനും ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് നിരാഹാരസമരത്തെ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമായി പുതിയ നിയമപ്രകാരം മാറ്റിയിട്ടുള്ളത്.
