സുൽത്താൻബത്തേരി: ഓൺലൈൻ ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾകവരുന്ന തട്ടിപ്പുസംഘത്തെ ബത്തേരി പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടി. തിരുവനന്തപുരം പൂജപ്പുര ബദാനിയ വീട്ടിൽ ജിബിൻ(28), കഴക്കൂട്ടം, ഷീല ഭവൻ അനന്തു(29), പാലക്കാട് സ്വദേശി ആനക്കര, കൊണ്ടുകാട്ടിൽ വീട്ടിൽ രാഹുൽ (29), കുറ്റ്യാടി, കിഴക്കയിൽ വീട്ടിൽ അഭിനവ്(24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽനിന്ന് ബത്തേരി ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവരിൽനിന്ന് 20 മൊബൈൽ ഫോണുകളും എട്ട് സിംകാർഡുകളും ഒമ്പത് എ.ടി.എം. കാർഡുകളും 8,40,000 രൂപയും പിടിച്ചെടുത്തു.
വിശ്വാസവഞ്ചന നടത്തി പലതവണയായി 2,30,000 രൂപ കവർന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് വൻ തട്ടിപ്പുസംഘത്തിലേക്കെത്തിയത്.2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയിൽനിന്ന് ട്രേഡ് വെൽ എന്ന കമ്പനിയിൽ ട്രേഡിങ് ചെയ്യുകയാണെങ്കിൽ സർവീസ് ബെനഫിറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവർന്നത്.

