കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനി എട്ട് ദിവസം മാത്രം. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിനും നിലവിലുള്ള പട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ആഗസ്റ്റ് 7 വൈകുന്നേരം 5 മണി വരെ അവസരമുണ്ട്.
പുതിയ വോട്ടർമാരെ ചേർക്കുന്നതിനും, മരണപ്പെട്ടവരെ ഒഴിവാക്കുന്നതിനും, വിലാസം മാറ്റുന്നതിനും, മറ്റു തിരുത്തലുകൾ വരുത്തുന്നതിനും ഈ സമയം പ്രയോജനപ്പെടുത്താം. 2025 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ യോഗ്യതയുള്ളത്.
ഓൺലൈനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് (www.sec.kerala.gov.in) വഴിയോ Voter Helpline ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ കരുതണം.
അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വോട്ടർമാർ നേരത്തെ തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുത്തലുകളും ആക്ഷേപങ്ങളും പരിഗണിച്ച് ഓഗസ്റ്റ് 29-ന് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുകയും ഓഗസ്റ്റ് 30-ന് ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഹെൽപ് ഡെസ്കുകളിൽ നിന്നും ലഭിക്കും.
