തിരുവനന്തപുരം: നഫീസുമ്മയ്ക്കെതിരായ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ യാത്ര പോകുമ്പോൾ ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് ഉചിതമെന്നും അതാണ് പതിവെന്നും കാന്തപുരം പറഞ്ഞു. ഏത് ഇബ്രാഹിം ഏത് നബീസുമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് അറിയില്ലെന്നും നഫീസുമ്മയുമായി ബന്ധപ്പെട്ട വിഷയം തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ.
അദ്ദേഹം പറഞ്ഞതിന് ഞാൻ മറുപടി പറയുകയല്ല. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയുകയുമില്ല. പിന്നെ സ്ത്രീകള്‍ക്ക് യാത്ര പോകാൻ ഭര്‍ത്താവ് അല്ലെങ്കില്‍ മകന്‍ വേണമെന്ന് ഹജ്ജിന്റെ നിയമത്തില്‍ വരെയുണ്ടല്ലോ. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അവര്‍ക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷന്മാര്‍ കൂടെ വേണം ഭര്‍ത്താവ്, സഹോദരന്‍, പിതാവ് തുടങ്ങിയ ആളുകള്‍ ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാമില്‍ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ’, കാന്തപുരം പറഞ്ഞു.
ഇബ്രാഹിമിനേയും നഫീസുമ്മയേയും ഒന്നും തനിക്ക് അറിയില്ലെന്നും കാന്തപുരം വിശദീകരിച്ചു. ഏത് ഇബ്രാഹിം ആണ് പറഞ്ഞതെന്നോ ഏത് നഫീസുമ്മയാണെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയാണ് വിവാദ പരാമര്‍ശം നടത്തിയതെന്ന് പറഞ്ഞതോടെ ‘കേട്ടിട്ട് തന്നെയില്ല’ എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി
മണാലിയിലേക്ക് മകൾക്കൊപ്പമുള്ള യാത്രയിൽ, മഞ്ഞിൽ കളിക്കുക്കുകയും മഞ്ഞ് കൂനകൾക്ക് മുകളിൽ കിടന്ന് തന്റെ സുഹൃത്തുക്കളോട് യാത്രയുടെയും മണാലിയിലെ മഞ്ഞ് മലകളുടേയും ഭംഗിയെ വിവരിക്കുകയും ചെയ്യുന്ന നഫീസുമ്മയുടെ നിഷ്കളങ്കത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്നാൽ റീൽ വൈറലായതോടെ നഫീസുമ്മയെ അധിക്ഷേപിച്ച് നിരവധി മതപണ്ഡിതന്മാരുൾപ്പെടെ രംഗത്തെത്തുകയായിരുന്നു. കാന്തപുരം വിഭാഗം നേതാവും എ.പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന സുന്നി വോയ്സിന്റെ എഡിറ്റർ ഇൻ ചാർജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി നഫീസുമ്മയെ അധിക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. ’25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് ദിഖ്റും സ്വലാത്തും ചൊല്ലേണ്ടതിന് പകരം ഏതോ ഒരു നാട്ടിൽ മഞ്ഞ് കളിക്കാൻ വേണ്ടി പോയിരിക്കുകയാണ്’ എന്നായിരുന്നു ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പരാമർശം.
ഇതിന് പിന്നാലെ സഖാഫിക്ക് മറുപടിയുമായി നഫീസുമ്മയുടെ മകൾ ജിഫ്ന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും വ്യാപകമായി പ്രചരിച്ചിരുന്നു. വിധവയായ സ്ത്രീക്ക് ലോകം കാണാൻ വിലക്കുണ്ടോ എന്നാണ് ഇതിന് മറുപടിയായി മകൾ കുറിച്ചത്. ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിച്ചതാണോ എന്നും ജിഫ്ന ചോദിച്ചു. ഉസ്താദിന്റെ വാക്കുകൾ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് അറിയില്ല. ഒരു വിഭാഗത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. അതേപോലെ തങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല. ഭർത്താവ് മരണപ്പെട്ട സ്ത്രീകൾ വീടിന്റെ ഏതെങ്കിലുമൊരു മൂലയിൽ ഒതുങ്ങി കൂടണമെന്ന നിലപാട് പുരുഷവർഗത്തിന് ബാധകമല്ലേയെന്ന ചോദ്യവും മകൾ ഉന്നയിക്കുന്നുണ്ട്. ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച തന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങൾ കണ്ട കൊടും പാപമെന്നും ജിഫ്ന ചോദിച്ചിരുന്നു.