Headlines

ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അടുപ്പുമുള്ളവർ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ഉമ്മൻചാണ്ടി. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ നേതാവ് എന്ന ബഹുമതിയും ഉമ്മൻ ചാണ്ടിക്ക് സ്വന്തം.

27ാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്‍ക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി പിഎമ്മിന്റെ സിറ്റിങ് സീറ്റും. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചത്. എന്നാല്‍ നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളെ തിരുത്തിക്കുറിച്ച് സിറ്റിങ് എംഎല്‍എ ഇ എം ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി വിജയക്കൊടി നാട്ടി. ഭൂരിപക്ഷം 7233.

1970 ന് ശേഷം നടന്ന 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി ജൈത്ര യാത്ര തുടര്‍ന്നു. 2011 ല്‍ സുജ സൂസന്‍ ജോര്‍ജിനെ 33255 പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.1977 ല്‍ 111 സീറ്റ് നേടി അധികാരത്തില്‍ വന്ന കെ കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രിയായി. 1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കരുണാകരനോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം രാജിവെച്ചു

കെ. കരുണാകരൻ വിരുദ്ധ ചേരിയില്‍ എ.കെ. ആന്‍റണിക്കൊപ്പം എക്കാലത്തും നിലകൊണ്ട ഉമ്മന്‍ ചാണ്ടി (എ) ഗ്രൂപ്പിലെ രണ്ടാമനായി നിലകൊണ്ടു. ആന്‍റണി കേരളാ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് കുടിയേറിയ ഘട്ടത്തില്‍ അടുത്ത നേതാവിനെ കുറിച്ച് എ ഗ്രൂപ്പില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

2004ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത യുഡിഎഫ്പരാജയവും ഭൂരിപക്ഷ സമുദായ അനുകൂല പ്രസ്താവനയും മൂലം ഒറ്റപ്പെട്ട എ.കെ ആന്‍റണി രാജിവെച്ചപ്പോൾ പകരക്കാരനായി മുഖ്യമന്ത്രി പദത്തിലെത്തിയ ഉമ്മന്‍ ചാണ്ടി 2006 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 2006 ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദേഹം പ്രതിപക്ഷ നേതാവായി. പിന്നീട് 2011ലെ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് 2016 വരെ അദ്ദേഹം മുഖ്യമന്ത്രിയായി

1967 ല്‍ എ.കെ. ആന്റണി കെഎസ് യു സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിച്ചപ്പോള്‍ ആ പദവിയിലേക്കു നിയോഗിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയെ പിന്നീട് ആകസ്മികതകള്‍ പിന്തുടരുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി എത്തിയതും ആന്റണിയുടെ പകരക്കാരനായാണ്.

ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് യു എന്‍ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.

ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരെയും ഉമ്മൻചാണ്ടി നിരാശരായില്ല. 19 മണിക്കൂര്‍ വരെ ഒരേ നില്‍പ്പ് നിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിര്‍ദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. പരാതികളില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇരുള്‍ വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പര്‍ക്ക പരിപാടി മാറി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: