ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്

ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. 3,59,250 രൂപ പിഴയായി ഈടാക്കി.

ട്രാഫിക്കിന്റെ ചുമതലയുള്ള ഐ ജി ജി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനരൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്. ദക്ഷിണ മേഖലാ ട്രാഫിക് എസ് പി ജോണ്‍സണ്‍ ചാള്‍സ്, ഉത്തരമേഖലാ ട്രാഫിക് എസ് പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി.

ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിന്‍റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്ക്ക് വീഡിയോയും ചിത്രങ്ങളും അയയ്ക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: