തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടിനും വഴങ്ങാതെ പ്രവര്‍ത്തിക്കാന്‍ എം എ ബേബിക്ക് കഴിയട്ടെ എന്നും വിഡി സതീശന്‍ തൃശൂരില്‍ പ്രതികരിച്ചു. ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ട പുരോഹിതന്റെ തൃശൂരിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മതേതര മുന്നണിയായ ഇന്ത്യ സഖ്യത്തിനോട് ചേര്‍ന്ന് സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും കാരാട്ടിനും വഴങ്ങാതെ എംഎ ബേബി മുന്നോട്ട് പോകാന്‍ തയ്യാറാകണം. ബിജെപി ഫാസിസ്റ്റ് പോയിട്ട് നവഫാസിസ്റ്റ് പോലുമല്ല എന്ന് പറഞ്ഞ ആളാണ് പ്രകാശ് കാരാട്ട് , അതിനെ പിന്തുണച്ച ആളാണ് പിണറായി വിജയന്‍ എന്നും സതീശന്‍ പരിഹസിച്ചു.
അതേസമയം, രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലേഖനം പിന്‍വലിച്ചത് കൊണ്ട് ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ല. ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആര്‍എസ്എസും ബിജെപിയും രാജ്യത്തിന് നല്‍കുന്നത്
