ഹൈദരാബാദ്: സൊമാറ്റോ വഴി നഗരത്തിലെ റെസ്റ്റോറന്റിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്ത് കഴിക്കാൻ തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ. അംബർപേട്ടിലെ ഡി.ഡി കോളനിയിൽ താമസിക്കുന്ന കുടുംബം ഓർഡർ ചെയ്ത ബരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്.
ആർ.ടി.സി. ക്ലോസ് റോഡിലെ റെസ്റ്റൊറന്‍റിൽനിന്നാണ് ഭക്ഷണം വാങ്ങിയത്. ബിരിയാണിയിൽ പല്ലി കിടക്കുന്ന ദൃശ്യങ്ങളടക്കം പകർത്തിയാണ് കുടുംബം പരാതി നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്ച്.എം.സി) അധികൃതർ കടയിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകൾ അടക്കം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ നടപടിക്കായി ജി.എച്ച്.എം.സി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, അധികൃതർക്കെതിരെ ജനം പ്രതികരണണവുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്റ്റൊറന്‍റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നില്ലെന്ന് പലരും കുറ്റപ്പെടുത്തി.
