ചെന്നൈ: പുതിയ നയൻതാര ചിത്രം അന്നപൂർണ്ണി നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ഉയരുകയും ഇതുമായി ബന്ധപ്പെട്ട് സിനിമയ്‌ക്കെതിരെ പോലീസ് നിയമനടപടി ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിനിമ നീക്കം ചെയ്തത്. ഡിസംബർ 29 നായിരുന്നു അന്നപൂർണ്ണി നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്.
സിനിമ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐടി സെൽ സ്ഥാപകൻ രമേഷ് സോളങ്കി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ ഒടിടി പങ്കാളിയായ നെറ്റ്ഫ്‌ളിക്‌സിനെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. ഇതിന് പിന്നാലെയാണ് ചിത്രം നീക്കം ചെയ്തത്. നെറ്റ്ഫ്‌ളിക്‌സിന് പുറമേ സീ സ്റ്റുഡിയോ, ചിത്രത്തിൽ അഭിനയിച്ച നയൻതാര, ജയ്, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമ്മാതാവ് ജതിൻ സേതി എന്നിവർക്കെതിരെയും നടപടി വേണമെന്നും രമേഷ് സോളങ്കി പരാതിയിൽ ആവശ്യപ്പെടുന്നു.
ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി തന്റെ ആഗ്രഹം പോലെ ലോക പ്രശസ്ത ഷെഫ് ആകുന്നതാണ് അന്നപൂർണ്ണിയുടെ ഇതിവൃത്തം. ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ വിവാദത്തിന് കാരണമാകുകയായിരുന്നു. ചിത്രത്തിൽ രാമായണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പരാമർശം ഉണ്ട്. ഇതിന് പുറമേ മതപരിവർത്തനത്തിന് പ്രോത്സാഹനമാകുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. ഇതേ തുടർന്നാണ് ചിത്രത്തിനെതിരെ പരാതി ഉയർന്നത്.
