തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം.
കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ ചുമതയുണ്ടായിരുന്ന സരിന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടര്‍ന്ന് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. സരിന് നിര്‍ണായകമായ ഒരു പദവി സര്‍ക്കാര്‍ നല്‍കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.
ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു വര്‍ഷം കര്‍ണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.
