പഹല്‍ഗാമില്‍ ആക്രമണം: ‘ഭീകരവാദികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കും’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി



       

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന്, ബീഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും, കണ്ടെത്തുകയും, ശിക്ഷിക്കുകയും ചെയ്യും. ഭീകരതയ്ക്ക് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാവില്ല. ഭീകരത ശിക്ഷിക്കപ്പെടാതെ പോകില്ല – അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെ പിന്തുണച്ച ലോകരാജ്യങ്ങള്‍ക്ക് നന്ദിയെന്നും ബിഹാര്‍ മധുബെനിയിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയോഗം ആവശ്യപ്പെട്ടു. വൈകിട്ടത്തെ സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് മെഴുകുതിരി മാര്‍ച്ച് നടത്തും. ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പങ്കെടുക്കും. ഗൗരവതരമായ ഈ സാഹചര്യത്തില്‍ യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമെന്നും വ്യക്തമാക്കി. പ്രവര്‍ത്തക സമിതി യോഗം പഹല്‍ഗാം ആക്രമണത്തില്‍ പ്രമേയം പാസാക്കി.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: