ന്യൂഡൽഹി: സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. നദീജല കരാർ ലംഘിക്കുന്നത് ഇരു രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ വഷളാക്കുമെന്നും കത്തിൽ പാകിസ്ഥാൻ സൂചിപ്പിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജലകരാർ മരവിപ്പിക്കാൻ തീരുമാനിച്ചത്.
സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നൽകുന്നതായിരുന്നു കരാർ.
പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർ പ്രകാരമുള്ള എല്ലാ നടപടികളും ഇന്ത്യ നിറുത്തി വെച്ചു.
കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് നല്‍കിയത്. ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം മറികടന്നായിരുന്നു ആക്രമണം. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്തു.
