പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ആസിഫ് അലി സർദാരി പാകിസ്ഥാന്റെ 14-ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സർദാരി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പിപിപി, പിഎംഎൽഎൻ ന്റെ സംയുക്ത സ്ഥാനാർത്ഥിയായാണ് സർദാരി മത്സരിച്ചത്. 68 വയസാണ് സർദാരിക്ക്. സുന്നി ഇതേഹാദ് കൗൺസിലിന്റെ മഹ്‌മൂദ് ഖാൻ അക്സായി ആണ് സർദാരിക്ക് എതിരായി മത്സരിച്ചത്.
ദേശീയ അസംബ്ലിയിലും സെനറ്റിലുമായി 255 വോട്ടുകളാണ് സർദാരി നേടിയത്. അതേസമയം 119 വോട്ടുകളാണ് മഹ്‌മൂദ് ഖാൻ നേടിയത്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി ഇലക്ടറൽ കോളജും നാല് പ്രവിശ്യാ അസംബ്ലിയും ചേർന്നാണ് സർദാരിയെ തിരഞ്ഞെടുത്തത്. സിന്ധ് ബലൂചിസ്‌ഥാൻ അസംബ്ലിയിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളെല്ലാം സർദാരി നേടി. പഞ്ചാബ് അസംബ്ലിയിലും വ്യക്ത്‌തമായ മേൽക്കൈയ്യോടെ ആയിരുന്നു സർദാരിയുടെ വിജയം.
2008 മുതൽ 2013 വരെയാണ് നേരത്തേ ആസിഫ് അലി പാകിസ്‌ഥാന്റെ പ്രഡിഡന്റ് പദവി നിർവഹിച്ചത്. പാകിസ്ഥാനിൽ രണ്ടു തവണ ഒരാൾ പ്രസിഡന്റാവുന്നതും ഇതാദ്യമാണ്. പ്രസിഡന്റായി നാളെയാവും സർദാരി സത്യപ്രതിജ്‌ഞ ചെയ്യുക.

